വയനാട്: കുരങ്ങൻ ചുരത്തിൽ നിന്നും കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ഐഫോൺ വിനോദ സഞ്ചാരിക്ക് എടുത്ത് നൽകി അഗ്നിശമന സേന. വയനാട് ചുരത്തിലാണ് സംഭവം.
കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണവെയാണ് സംഭവം.
ജാസിം ഫോൺ ജീപ്പിൽ വെച്ചിട്ട് പുറത്തേക്കിറങ്ങി. ഇതിനിടെ വാഹനത്തിൽ നിന്നും ഫോൺ എടുത്ത കുരങ്ങൻ വ്യൂ പോയിന്റിന്റെ ഭാഗത്ത് നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
പിന്നാലെ കൽപ്പറ്റ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി. ഫയർമാനായ ജിതിൻ കുമാർ എം റോപ്പ് കെട്ടി താഴേക്കിറങ്ങി ഫോൺ എടുത്ത ശേഷം ജാസിമിന് നൽകുകയായിരുന്നു. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തി ഫോൺ എടുക്കാനായത്. ഫോണിന് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.