പുൽപള്ളി: ഇരുളത്തുനിന്ന് കോളേരിയിലേക്കുള്ള റോഡും പാലങ്ങളും തകർന്നതോടെ ബസ് ഗതാഗതം നിലച്ചു. ഏഴ് ബസുകൾ സർവിസ് നടത്തിയിരുന്ന റൂട്ടിലാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രദേശത്തുകാർ ദുരിതത്തിലായത്. ഇരുളം മേഖലയിൽനിന്ന് നിരവധി വിദ്യാർഥികൾ കോളേരി അടക്കമുള്ള സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കുന്നുണ്ട്.
കിലോമീറ്ററുകൾ നടന്നുപോകേണ്ട അവസ്ഥയാണ് ഇവർക്ക്. അങ്ങാടിശ്ശേരി, വളാഞ്ചേരി, പരപ്പനങ്ങാടി ഭാഗങ്ങളിലെ ആളുകൾക്ക് എളുപ്പത്തിൽ കോളേരിയുമായി ബന്ധപ്പെടാനുള്ള പാതയാണിത്. ഈ റോഡിലെ രണ്ടു പാലങ്ങളും അപകടാവസ്ഥയിലാണ്. കോളേരിക്കടുത്തുള്ള പാലം പുതുക്കിപ്പണിയാൻ ചില പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും നടന്നില്ല.
ജനപ്രതിനിധികളുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതായതോടെ ഈ വഴി ബസ് സർവിസ് ആരംഭിക്കാനാകാത്ത അവസ്ഥയാണ്. ഇരുളം മുതൽ അങ്ങാടിശ്ശേരി വരെയുള്ള റോഡും പൂർണമായും തകർന്നിട്ടുണ്ട്.