സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വീണ്ടും ലോൺ ആപ് ആത്മഹത്യ. ലോൺ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വിൽപനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരിമുള ചിറകോണത്ത് അജയരാജിനെയാണ് (46) സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ ലോൺ ആപ് ഭീഷണിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
ആപ് വഴി അജയരാജ് 5000 രൂപ കടമെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പർ ചാറ്റിന്റെ സ്ക്രീൻഷോട്ടിൽ ഇത് കാണുന്നുമുണ്ട്. അജയരാജിന്റെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അജയരാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കഴിഞ്ഞ ദിവസം ലഭിച്ചതായി പറയുന്നു. വായ്പ അടക്കാത്തത് സംബന്ധിച്ച് ചില ഭീഷണി സന്ദേശങ്ങളും ലഭിച്ചു. ശനിയാഴ്ചയും സുഹൃത്തുക്കളുടെ വാട്സ്ആപ്പിലേക്ക് തട്ടിപ്പുകാരുടെ സന്ദേശമെത്തി. അജയരാജ് ആത്മഹത്യ ചെയ്തുവെന്ന് അറിയിച്ചപ്പോൾ പരിഹാസച്ചിരിയാണ് മറുപടി സന്ദേശമായി ലഭിച്ചത്. ഹിന്ദി സംസാരിക്കുന്ന ആളുകൾ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് അജയരാജിനെ ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.
ലോട്ടറി വിൽപനക്കാരനായ അജയരാജ് പതിവുപോലെ വിൽപനക്കുള്ള ലോട്ടറി എടുക്കാനായി പോയതാണ്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ അരിമുള എസ്റ്റേറ്റിന് സമീപം അജയരാജിന്റെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അജയന്റെ ഭാര്യ: സുനില. മക്കൾ: അജിത്ത് രാജ്, അമൃത.
ഫോൺ പൊലീസ് പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി പഥം സിങ് പറഞ്ഞു.