കേണിച്ചിറ: വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലുണ്ടായ ശക്തമായ മഴയിൽ വാകേരി, നെയ്ക്കുപ്പ മേഖലയിൽ വെള്ളം കയറി. വൈകീട്ട് വാകേരി, മണ്ണുണ്ടി, കൂടല്ലൂർ, മൂടക്കൊല്ലി ഭാഗത്തുണ്ടായ ശക്തമായ മഴയിൽ നരസിപുഴ കരകവിഞ്ഞു. കേണിച്ചിറ താഴത്തങ്ങാടി പാലത്തിൽ വെള്ളം കയറി പുൽപള്ളി- കേണിച്ചിറ റൂട്ടിൽ വെള്ളിയാഴ്ച രാത്രി ഗതാഗതം തടസ്സപ്പെട്ടു.
പാലക്കുറ്റി പാലത്തിന് സമീപം വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയതോടെ നെയ്ക്കുപ്പ കോളനിയിലെ കുടുംബങ്ങളെ കേണിച്ചിറ പൊലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞാറ്റാടി, കോളേരി, കേണിച്ചിറ താഴത്തങ്ങാടി, നെയ്ക്കുപ്പ പ്രദേശങ്ങളിലാണ് ശക്തമായ മഴയിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
ജില്ലയിൽ ശനിയാഴ്ച ശക്തമായ മഴക്ക് സാധ്യതയുള്ള മഞ്ഞ ജാഗ്രത നിർദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച പച്ച ജാഗ്രതയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഞ്ഞ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
നെയ്ക്കുപ്പ കോളനിയിലെ 39 കുടുംബങ്ങളെയും പേരൂർ കോളനിയിലെ എട്ടു കുടുംബങ്ങളെയും നടവയൽ എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.