

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് ആശ്വാസമായി സർക്കാർ ജോലി. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിൽ നിയമനം നൽകാനാണ് ഉത്തരവിറക്കിയത്. ജില്ലയിൽ തസ്തിക ഒഴിവുള്ളതായും പ്രസ്തുത തസ്തികയിേലക്ക് ശ്രുതിക്ക് യോഗ്യതയുള്ളതായും വയനാട് ജില്ലാ കലക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
നിയമനം അന്തിമമായിരിക്കുമെന്നും നിയമനമാറ്റം അനുവദിക്കുന്നതല്ലെന്നും ഉത്തരവിൽ പറഞ്ഞു. നേരിട്ടുള്ള നിയമനത്തിന് പാലിക്കേണ്ട സ്വഭാവ പരിശോധനയും മറ്റ് നടപടിക്രമങ്ങളും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവിസ് റൂൾസിന്റെ വ്യവസ്ഥകളും ഈ നിയമനത്തിനും ബാധകമാണ്. നിയമന ഉത്തരവ് ശ്രുതിക്ക് കൈമാറി വിവരം സർക്കാറിനെ അറിയിക്കാൻ വയനാട് ജില്ലാകലക്ടറെ ചുമതലപ്പെടുത്തി.