

കൽപറ്റ: വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു. പരാതികൾ പരിശോധിച്ച് പ്രിൻസിപ്പൽ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടന്നിട്ട് ഒരു മാസമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് കാരണം. അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.