
പനമരം: ഗർഭിണിയായ യുവതിക്ക് ആശുപത്രിയിൽ വാക്സിൻ മാറി നൽകിയെന്ന് ആരോപണം. പനമരം സി.എച്ച്.സി യിലാണ് ബഹളമുണ്ടായത്. പനമരം കീഞ്ഞുകടവ് സ്വദേശിയായ യുവതിക്കാണു പനമരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് ദുരനുഭവംനേരിട്ടത്. ഗർഭിണിയായ യുവതി കൈനാട്ടി ഗവ. ഹോസ്പിറ്റലിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത്. തുടർച്ചയായി എടുക്കേണ്ട വാക്സിൻ അടുത്തുള്ള പനമരം സി.എച്ച്.സിയിൽ നിന്നു എടുക്കാൻ ഡോക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടുദിവസമായി പനമരം സി.എച്ച്.സിയിൽ നിന്നാണു വാക്സിൻ എടുത്തിരുന്നത്.
എന്നാൽ ശനിയാഴ്ച വാക്സിൻ എടുക്കാൻ ഡോക്ടറെ കാണിച്ച് എടുക്കാൻ ചെന്നപ്പോഴാണ് കൈക്ക് നേരിട്ട് കുത്തിവെച്ചത്. ഇതോടെ സംശയം തോന്നിയ യുവതി നഴ്സിനോട് നേരിട്ട് കൈക്ക് കുത്തി വെക്കുന്ന രൂപത്തിലല്ല മുമ്പ് എടുത്തതെന്ന് പറഞ്ഞു. ഇതോടെ ഡോക്ടർ നൽകിയ ശീട്ട് പരിശോധിച്ചപ്പോൾ നിങ്ങളെ പൂച്ചയോ മറ്റോ മാന്തുകയോ മറ്റോ ഉണ്ടായൊന്നു നഴ്സ് ചോദിക്കുകയും പേ വിഷബാധക്കുള്ള വാക്സിനാണു ഡോക്ടർ നിർദേശിച്ചതെന്ന് യുവതിയോട് പറയുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തിയിലായ യുവതി ബന്ധുക്കളെ അറിയിച്ചു. രക്തം വെക്കാനുള്ള അയൺ വാക്സിന് പകരം പേ വിഷബാധ ക്കുള്ള വാക്സിനാണ് പനമരം ആശുപത്രിയിൽ നിന്ന്ന ൽകിയതെന്നാണ് ആരോപണം. ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയപാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിയതോടെ ബഹളമായി. തുടർന്ന് മുസ്ലിം ലീഗ് നേതാവ് കെ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഓഫിസറെ കണ്ടു സംസാരിച്ചെങ്കിലും ഡോക്ടറുടെ മറുപടി കൂടുതൽ പ്രശ്നമുണ്ടാക്കുന്ന രീതിയിലായി.
പേവിഷബാധക്കുള്ള വാക്സിൻ ഗർഭിണികൾക്ക് പ്രയാസം സൃഷ്ടിക്കുകയില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. നേരത്തേ ശീട്ട് നൽകിയ ഡോക്ടർ അനൂപ് അവധി എഴുതിവെച്ച് മാറിനിന്നതും പ്രശ്നങ്ങൾ വഷളാകാൻ കാരണമായി. യുവതിയെ കൈനാട്ടിലുള്ള ജനറൽ ആശുപത്രിയിൽ എത്തി പരിശോധിച്ചു. തുടർന്നാണ് പ്രശ്നം രമ്യതയിലെത്തിയത്. കെ.ടി അശ്ക്കർ, വി. ജാബിർ, ഡി. സാലിഹ്, ബെന്നി അരിഞ്ചേർമല, അൻവർ കെ.കെ, സൗബാൻ പി.കെ, ഹർഷാദ് മഞ്ചേരി, അബ്ദുൽ റസ്സാക്ക് കീഞ്ഞ്കടവ്, രാമകൃഷ്ണൻ കീഞ്ഞ്കടവ് തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി.
