മാനന്തവാടി : റബ്ബർ തോട്ടത്തിലെ അടിക്കാടും കരിയിലയും കത്തിക്കാനായി പോയ ഗൃഹനാഥൻ തീയിലകപ്പെട്ട് മരിച്ചു. മാനന്തവാടി ഒണ്ടയങ്ങാടി വരടിമൂലയിലെ പുൽപ്പറമ്പിൽ തോമസ് (77) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീടിനു സമീപത്തു തന്നെയുള്ള തോട്ടത്തിലായിരുന്നു ദാരുണമായ അപകടം.
തോട്ടത്തിലെ കാട് കത്തിക്കാൻ പോകുന്നെന്ന് മകളെ അറിയിച്ച ശേഷമാണ് തോമസ് വീട്ടിൽനിന്നിറങ്ങിയത്. തോട്ടത്തിൽനിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. സാധാരണ തീപ്പിടിത്തമാണെന്ന് കരുതിയെത്തിയ അഗ്നിരക്ഷാസംഘം ആംബുലൻസ് സന്നാഹമൊന്നുമില്ലാതെയാണ് എത്തിയത്.
മാനന്തവാടി ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കുമ്പോഴാണ് തീയിൽ ആളകപ്പെട്ടത് മനസ്സിലായത്. ഉടൻതന്നെ ഫയർസ്റ്റേഷന്റെ വാഹനത്തിൽ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഭാഗികമായി പൊള്ളലേറ്റ തോമസ് ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമികനിഗമനം.