പുൽപള്ളി: പത്തുമാസത്തിലധികമായിട്ടും പുൽപള്ളി പഞ്ചായത്തിൽ ജലനിധി പദ്ധതിയുടെ ജല വിതരണം ആരംഭിക്കാത്തത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. പയ്യമ്പള്ളി- കാപ്പിസെറ്റ് റോഡ് പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്ത പൈപ്പുകൾ പുനഃസ്ഥാപിക്കാത്തതാണ് പുൽപള്ളി മേഖലയിലെ ആനപ്പാറ അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്താതിരിക്കാൻ കാരണം.
മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ റോഡ് പ്രവൃത്തി ഇനിയും തീർന്നിട്ടില്ല. കാപ്പിസെറ്റ് ഭാഗത്തേക്കുള്ള ജലവിതരണം ഒരു മാസം മുമ്പ് പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, ടൗണിനോട് ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
പൈപ്പ് സ്ഥാപിച്ച് ജലവിതരണം ആരംഭിക്കണമെങ്കിൽ ഇനിയും കാലതാമസം ഉണ്ടാക്കുമെന്നാണ് സൂചന. ആയിരക്കണക്കിന് കുടുംബങ്ങൾ ജലനിധി പദ്ധതിയെ ആശ്രയിച്ചാണ് കഴിയുന്നത്.
പുൽപള്ളി മേഖലയിൽ ജലക്ഷാമം രൂക്ഷമാണ്. മഴക്കാലം കഴിഞ്ഞതോടെ ജലദൗർലഭ്യവും തുടങ്ങി. പലരും സ്വന്തം ചെലവിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുകയാണ്. ആദിവാസി കോളനികളിലടക്കം വെള്ളമില്ല.
ജലവിതരണത്തിന് നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാനാണ് ഗുണഭോക്താക്കളുടെ തീരുമാനം. ഗ്രാമപഞ്ചായത്ത് അധികൃതരടക്കം പ്രശ്നത്തിൽ ഇടപെട്ട് നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.