കൽപറ്റ: വയനാട് ജില്ലയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസമായി കൽപറ്റയിൽ സൈനിക കാന്റീൻ (സി.എസ്.ഡി) തുറക്കുന്നു. ഒക്ടോബർ ആറിന് കാന്റീൻ പ്രവർത്തനം ആരംഭിക്കും.
സൈന്യത്തിന് കീഴിലുള്ള ഏതെങ്കിലും ഓർഗനൈസേഷനാണ് കാന്റീൻ നടത്താൻ അനുമതി. അതിനാൽ എന്.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. കൽപറ്റ ബൈപാസിലെ വാടകക്കെട്ടിടത്തിലാണ് കാൻറീൻ പ്രവർത്തനമാരംഭിക്കുക.
നിരവധി വർഷങ്ങളായുള്ള വിമുക്ത ഭടന്മാരുടെ ആവശ്യമാണ് ഇപ്പോൾ പൂവണിയുന്നത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്ക് സി.എസ്.ഡിയുടെ പ്രയോജനം ലഭിക്കും.
ജില്ലയിൽ കാന്റീൻ സൗകര്യമില്ലാത്തതിനാൽ കോഴിക്കോട്, കണ്ണൂർ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് 100 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമാണ് ഉൽപന്നങ്ങൾ വാങ്ങാൻ കഴിയുന്നത്. ജില്ലയിലെ 5000ത്തോളം പേർക്ക് ഉപകാരപ്രദമാവും.
ഗൂഡല്ലൂർ, എരുമാട് പ്രദേശങ്ങളിലുള്ളവർക്കും അയൽ ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും കൽപറ്റയിലെ സി.എസ്.ഡി സൗകര്യം ഉപയോഗിക്കാൻ കഴിയും. മൊബൈൽ കാന്റീനായിരുന്നു ജില്ലയിൽ പ്രവർത്തിച്ചിരുന്നത്.
രണ്ടു മാസത്തിൽ ഒരിക്കലാണ് ഇതിന്റെ സേവനം ലഭ്യമായിരുന്നത്. ഇത് നാലു വർഷം മുമ്പ് നിർത്തലാക്കിയത് ജില്ലയിലുള്ളവർക്ക് തിരിച്ചടിയായി. പ്രായമായവർ, വിമുക്തഭടന്മാരുടെ വിധവകൾ എന്നിവർക്ക് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും ചുരമിറങ്ങി പോയി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ വൻ പ്രയാസമനുഭവിച്ചിരുന്നു.
അതിനാൽ അർഹതയുണ്ടായിട്ടും കാന്റീൻ സൗകര്യം ഉപയോഗപ്പെടുത്താത്ത നിരവധി പേരുണ്ട്. പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ. ഇത് ജില്ലയിൽതന്നെ ഇനിമുതൽ ലഭിക്കുമെന്ന സന്തോഷത്തിലാണ് വിമുക്ത ഭടന്മാരും ആശ്രിതരും കുടുംബങ്ങളും.
കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗിന്റെ ശ്രമഫലമായാണ് സൈനിക കാന്റീൻ ജില്ലയിൽ യാഥാർഥ്യമാവുന്നത്. ഇതിനായി, ജനപ്രതിനിധികൾക്കും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കും സംഘടന വർഷങ്ങളായി നിവേദനങ്ങൾ നൽകിവരുന്നുണ്ടായിരുന്നു.
ജില്ല പ്രസിഡൻറ് മത്തായികുഞ്ഞ്, സെക്രട്ടറി വി. അബ്ദുല്ല, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ വി.കെ. ശശീന്ദ്രൻ, ക്യാപ്റ്റൻ ടി. വിശ്വനാഥൻ, രവീന്ദ്രൻ കോട്ടത്തറ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.