കൽപറ്റ: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച ‘ഓപറേഷന് യെല്ലോ’ പദ്ധതി ജില്ലയില്‍ തുടങ്ങി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പ്.
പദ്ധതിയുടെ ഭാഗമായി, പൊതുവിതരണ വകുപ്പിന്റെ മൊബൈല്‍ (9188527301), ടോള്‍ ഫ്രീ (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ് നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പങ്കുവെക്കാം. അറിയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
2013 ഭക്ഷ്യ ഭദ്രതനിയമം അനുസരിച്ച് കേരളത്തില്‍ 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ വകുപ്പ് നടത്തിയ പരിശോധനകളില്‍ മുന്‍ഗണന വിഭാഗത്തില്‍ അനര്‍ഹരായ നിരവധി പേർ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പകരമായി 2.54 ലക്ഷത്തോളം പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണന കാര്‍ഡുകള്‍ നല്കാന് സര്‍ക്കാറിന് കഴിഞ്ഞു.
ജില്ലയില്‍ നിലവില്‍ 1,98,092 റേഷന്‍ കാര്‍ഡുടമകളുണ്ട്. ഇതില്‍ 1,01,717 റേഷന്‍ കാര്‍ഡ് ഉടമകള്‍ മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നവരാണ്. ജൂലൈ 30 വരെയുള്ള കണക്ക് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സ്വമേധയാ സറണ്ടര്‍ ചെയ്തതും പരിശോധന വഴിയും 2,421 കാര്‍ഡുടമകള്‍ പൊതു വിഭാഗത്തിലേക്ക് മാറി.
അനര്‍ഹമായി മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കാര്‍ഡുകള്‍ തിരികെ ഏല്പിക്കാന് സമയം നല്‍കിയിട്ടും വളരെ കുറച്ചുപേര്‍ മാത്രമാണ് അവസരം വിനിയോഗിച്ചത്.
പൊതുവിതരണ വകുപ്പിന്റെ മൊബൈല്‍ (9188527301),
ടോള്‍ ഫ്രി (1967) നമ്പറുകളിലും ജില്ല സപ്ലൈ ഓഫിസ്
നമ്പറിലും (04936 202273) അനര്‍ഹമായി മുന്‍ഗണന
കാര്‍ഡ് കൈവശമുള്ളവരെക്കുറിച്ച വിവരങ്ങള്‍ പങ്കുവെക്കാം