

മാനന്തവാടി: മാവോവാദി ആക്രമണമുണ്ടായ തലപ്പുഴ കമ്പമലയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സ്ഥിതിഗതികൾ വിലയിരുത്തി. ശനിയാഴ്ച 12.45ന് തലപ്പുഴ സ്റ്റേഷനിലെത്തിയതിനു ശേഷമാണ് കമ്പമലയിലേക്ക് പോയത്. 1.15ന് കമ്പമലയിലെത്തി എ.ഡി.ജി.പി ഓഫിസിൽ അരമണിക്കൂറോളം ചെലവഴിച്ചു.
മാവോവാദികൾ നാശം വരുത്തിയ വനം വികസന കോർപറേഷൻ മാനന്തവാടി ഡിവിഷനൽ മാനേജറുടെ ഓഫിസിലേക്കാണ് എ.ഡി.ജി.പി ആദ്യം പോയത്. തുടർന്ന് തൊഴിലാളികളുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം മാവോവാദികൾ കാമറ തകർത്ത സ്ഥലവും എ.ഡി.ജി.പി സന്ദർശിച്ചു.
തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതായും എ.ഡി.ജി.പി പറഞ്ഞു. ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള ഇടപെടൽ പൊലീസ് നടത്തിയിട്ടുണ്ട്. മാവോവാദികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഉത്തരമേഖല ഐ.ജി. കെ. സേതുരാമൻ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. തോംസൺ ജോസ്, ജില്ല പൊലീസ് മേധാവി പദം സിങ്, അഡീഷനൽ എസ്.പി. വിനോദ് പിള്ള, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി, ടി.എൻ. സജീവ്, പി.എൽ. ഷൈജു എന്നിവരും എ.ഡി.ജി.പിയെ അനുഗമിച്ചു.