കാട്ടിക്കുളം: കാട്ടിക്കുളത്തിന്റെ പേടിസ്വപ്നമായ കാട്ടുകൊമ്പൻ കഴിഞ്ഞ രാത്രി വീണ്ടുമെത്തി. ടൗണിനടുത്തുള്ള താണിക്കുഴിയിൽ സത്യവ്രതൻ, നസീമ മൻസിലിൽ റുഖിയ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു.
പുലർച്ചെ 2.45 നാണ് ആന എത്തിയത്. ടോർച്ചടിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താൽ ആക്രമിക്കാൻ വരുന്ന സ്വഭാവക്കാരനായതിനാൽ ആരും ഭയന്ന് പുറത്തിറങ്ങില്ല. കഴിഞ്ഞ വർഷം വന്നുപോയതിന് ശേഷം കഴിഞ്ഞ രാത്രിയാണ് വീണ്ടുമെത്തിയത്.
രണ്ടോ മൂന്നാ ദിവസത്തിൽ കൂടുതൽ ഈ കാട്ടാന ഒരേ പ്രദേശത്ത് വരില്ല എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം വിവരമറിഞ്ഞ് എത്തിയ വനം വകുപ്പിന്റെ വാഹനം ആക്രമിക്കാൻ പാഞ്ഞടുത്തിരുന്നു. കാട്ടിക്കുളം ടൗണിൽനിന്ന് 100 മീറ്റർ മാത്രം ദൂരത്തിലാണ് കാട്ടുകൊമ്പൻ ഇറങ്ങിയത്. തൊട്ടടുത്ത് ധാരാളം വീടുകളുള്ള പ്രദേശമാണിത്. ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.