കൽപറ്റ: ധനകോടി ചിട്ടി തട്ടിപ്പിൽ വഞ്ചിതരായ നിക്ഷേപകർ സമരം ശക്തമാക്കുന്നതിന്റെ ഒമ്പതിന് കലക്ടറേറ്റ്, എസ്.പി ഓഫിസ് മാർച്ച് നടത്തുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു ജില്ലകളിലെ 22 ബ്രാഞ്ചുകളിലായി 1500ലധികം പേർ പണം നിക്ഷേപിച്ച് വഞ്ചിതരായിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിന്റെ ഡയറക്ടർമാരായ യോഹന്നാൻ, സജി സെബാസ്റ്റ്യൻ, ജോർജ് സെബാസ്റ്റ്യൻ എന്നിവരെ അറസ്റ്റ് ചെയ്തു.
എന്നാൽ, ബാക്കി പ്രതികളെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉണ്ടായിട്ടില്ല. കേസിലെ മറ്റു പ്രതികളുടെ പേരിൽ നാല് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടായിട്ടും ഇവർ സ്വതന്ത്രരായി നടക്കുകയാണ്.
ധനകോടി ചിട്ടി നിധി കമ്പനി ഡയറക്ടർമാരിൽ പലരും വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണ്. അവരുടെ പാസ്പോർട്ട് പിടിച്ചെടുക്കേണ്ട ഒരു നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റർ അക്കൗണ്ടിലേക്ക് കോടികൾ വന്ന വിവരം പൊലീസിനെ അറിയിച്ചിട്ടും അവരെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
മലപ്പുറം ജില്ലയിലെ ഓഫിസുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ പൊലീസ് മൗനാനുവാദം നൽകിയിരിക്കുകയാണ്. പൊലീസ് പൂട്ടി സീൽ ചെയ്ത ഓഫിസുകൾ എങ്ങനെയാണ് തുറന്നു പ്രവർത്തിക്കുകയെന്നതും സംശയാസ്പദമാണ്. ഇരകളുടെ പണം തിരികെ കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒമ്പതിന് രാവിലെ കലക്ടറേറ്റിലേക്കും എസ്.പി ഓഫിസിലേക്കും മാർച്ച് നടത്തും.
പ്രതികളുടെ വീടിനു മുന്നിൽ നിരാഹാര സമരം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പി.സുഭാഷ്, റോയി ജോൺ, പി.എസ്. ജലീൽ അലി കൽപറ്റ, അനീഷ് മാനന്തവാടി, ബിജു ബത്തേരി, അസ്കർ എന്നിവർ പങ്കെടുത്തു.