പൊഴുതന: പൊഴുതനയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്ക്. വേങ്ങത്തോട് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന വർഗീസ് കുഞ്ഞച്ചനാണ് (65) നായുടെ കടിയേറ്റത്.
തിങ്കളാഴ്ച രാവിലെ ആറാംമൈൽ പുതിയ റോഡ് പ്രദേശത്ത് നടന്നുപോകുമ്പോൾ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കാലിന് കടിയേറ്റ വർഗീസിനെ ചികിത്സക്കായി വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസങ്ങളായി പൊഴുതന പഞ്ചായത്തിൽ നായ്ക്കളുടെ കടിയേറ്റ് അപകടം പതിവാണ്. കുട്ടികളും വയോധികരും വളർത്തു മൃഗങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയാവുന്നത്. ആറു മാസത്തിനിടെ പഞ്ചായത്തില്‍ എട്ടു പേര്‍ക്കും മൂന്ന് വളർത്തു മൃഗങ്ങൾക്കും കടിയേറ്റിരുന്നു. നൂറു കണക്കിന് നായ്ക്കളാണ് ടൗണിൽ അലയുന്നത്. മത്സ്യ ഇറച്ചിമാര്‍ക്കറ്റ്, ആശുപത്രി, ഗവ. എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി നായ് ശല്യമുണ്ട്.
പുലര്‍ച്ചെ നടക്കാനിറങ്ങുന്നവരും ഇരുചക്ര വാഹന യാത്രികരും ഭയന്നാണ് സഞ്ചരിക്കുന്നത്. പഞ്ചായത്തിലെ ആറാംമൈൽ, പന്നിയോറ, അച്ചൂർ പ്രദേശത്തും ഇവയുടെ ശല്യം രൂക്ഷമാണ്. മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടക്കാത്തതും പ്രദേശത്ത് നായ ശല്യം വർധിക്കാൻ കാരണമാണ്.
Pozhuthana-news in www.wayanadnews.in