പുൽപള്ളി: കോഴി ഫാം ദുരിതം വിതക്കുമെന്ന പരാതിയിൽ തീർപ്പുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കർഷകൻ രണ്ടാംതവണയും തെങ്ങിൻ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പെരിക്കല്ലൂർ മൂന്നുപാലത്തെ വീടിനോട് ചേർന്ന് കോഴി ഫാം നടത്തുന്നതിനെതിരെയാണ് വെള്ളിയാഴ്ച രാവിലെ ചന്ദ്രൻപുരക്കൽ മോഹനൻ തെങ്ങിൻമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഈ മാസം അഞ്ചിന് തെങ്ങിൻമുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടർന്ന് പൊലീസ്, പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്മേൽ തെങ്ങിൽനിന്നും ഇറങ്ങി.
അന്ന് 10 ദിവസത്തേക്ക് ഫാമിന് സ്റ്റേ അനുവദിച്ചിരുന്നു. വീടിനോട് ചേർന്നുള്ള കോഴിഫാമിൽനിന്നുള്ള ദുർഗന്ധത്താൽ ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. രാത്രി ഏഴോടെ ഇയാൾ സ്വയം ഇറങ്ങി. ഫയർഫോഴ്സ്, പൊലീസ് സംഘങ്ങൾ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.