കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
മരണ സാഹചര്യങ്ങളെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനും അന്വേഷണത്തിലെ വീഴ്ചകളെക്കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും അഭ്യർഥിച്ചു. വിശ്വനാഥന്റെ കുടുംബവും അദ്ദേഹത്തിന്റെ നവജാത ശിശുവും നീതി അർഹിക്കുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും കുടുംബാംഗത്തിന് ജോലിയും നൽകണമെന്നും രാഹുൽഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
വയനാട് മണ്ഡലത്തിലെ ആദിവാസി യുവാവായ വിശ്വനാഥൻ തന്റെ ഭാര്യയുടെ പ്രസവത്തിന് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തുന്നത്. ഫെബ്രുവരി ഒമ്പതിനാണ് വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദിച്ചതായി കുടുംബം ആരോപിച്ചത്. കാണാതായ വിശ്വനാഥനെ പിന്നീട് ഫെബ്രുവരി 10ന് മെഡിക്കൽ കോളജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരണമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മോഷണക്കുറ്റം ചുമത്തിയതിന്റെ അവഹേളനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ വാദം. വിശ്വനാഥന്റെ കുടുംബത്തെ നേരിട്ട് കണ്ടപ്പോൾ അവർ ഈ മരണത്തിൽ സമഗ്രമായ അന്വേഷണവും റീപോസ്റ്റ്മോർട്ടവും ആവശ്യപ്പെട്ടിട്ടുണ്ട്. ധൃതിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിലും കുടുംബത്തിന് സംശയമുണ്ട്. വിശ്വനാഥൻ ആത്മഹത്യ ചെയ്തെന്ന പൊലീസ് റിപ്പോർട്ടും കുടുംബം അംഗീകരിക്കുന്നില്ല. സംസ്ഥാന എസ്.സി, എസ്.ടി കമീഷനും പൊലീസ് റിപ്പോർട്ട് തള്ളിയതായി മാധ്യമവാർത്തകൾ കണ്ടുവെന്നും രാഹുൽഗാന്ധി കത്തിൽ സൂചിപ്പിച്ചു.