മേപ്പാടി: പുതുവർഷാഘോഷത്തോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതി രൂപേഷ് എന്ന ബാവിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഡിസംബർ 31ന് അർധരാത്രി കുന്നമംഗലം വയൽ കർപ്പൂരക്കാടുണ്ടായ സംഘർഷത്തിനിടെ കാവുണ്ടത്ത് വീട്ടിൽ മുർഷിദ് (23) ആണ് കുത്തേറ്റ് മരിച്ചത്.
ജനുവരി ഒന്നിന് തന്നെ അറസ്റ്റിലായ പ്രതി രൂപേഷ് വൈത്തിരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. പൊലീസിന്റെ അഭ്യർഥനയനുസരിച്ച് പ്രതിയെ ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത കൽപറ്റ സി.ജെ.എം കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് തെളിവെടുപ്പിനെത്തിച്ചത്.
മേപ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ എ.ബി.വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നജീബ്, മുജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.