മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പെട്ടിക്കടയിലേക്ക് (ഗുമ്മട്ടികട) ഇടിച്ചു കയറി മറിഞ്ഞ് വിദ്യാർഥികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഓപറേറ്റിവ് കോളജ് മൂന്നാം വർഷ ബികോം വിദ്യാർഥികളും ബാവലി സ്വദേശികളുമായ രഞ്ജിഷ രമേശൻ, സി.എൻ. നുസ്രത്ത്, ഇരുമ്പുപാലം സ്വദേശിനി പി. പ്രകൃതി കമ്മന സ്വദേശിനി സോന ഷാജു, തരുവണ സ്വദേശിനി ജി.പി അനിത, ഇരുമ്പുപാലം സ്വദേശിനി കെ.ടി. റിധിഷ എന്നിവർക്കും പെട്ടികടയുടെ ഉടമയായ നൗഫലിന്റെ ഭാര്യ ആറാട്ടുതറ കച്ചിപുറത്ത് ജുബൈരിയത്ത് (35 ), ഓട്ടോ ഡ്രൈവർ വരടി മൂല ഇരുമുളംകാട്ടിൽ വി. എ. ബിജു (47) എന്നിവർക്കുമാണ് പരിക്കേറ്റത്.
എല്ലാവരും മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. മാനന്തവാടി – മൈസൂരു റോഡിൽ കോഓപറേറ്റിവ് കോളജിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ശാരീരിക വെല്ലുവിളി നേരിടുന്ന ദമ്പതികളായ നൗഫലിനും ജുബൈരിയത്തിനും മാനന്തവാടി നഗരസഭ ഉപജീവനമാർഗത്തിനായി നൽകിയ പെട്ടിക്കടയും അപകടത്തിൽ ഭാഗികമായി തകർന്നിട്ടുണ്ട്.