കല്പറ്റ: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ- ഫോണ്‍ പദ്ധതിയുടെ ഭാഗമായി കല്പറ്റ നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം യഥാർഥ്യമാകുന്നു. കല്പറ്റ നഗരസഭ, മേപ്പാടി, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളിലാണ് നിലവില്‍ സബ്സ്റ്റേഷനുകളായിട്ടുള്ളത്.
പടിഞ്ഞാറത്തറ സബ്സ്റ്റേഷനിലും മേപ്പാടി പഞ്ചായത്തില്‍ കൂട്ടമുണ്ട സബ്സ്റ്റേഷനിലും കണിയാമ്പറ്റ സബ്സ്റ്റേഷനിലും കല്പറ്റ മുന്‍സിപ്പാലിറ്റിയിലെ മണിയങ്കോട് സബ്സ്റ്റേഷനിലുമാണ് നിലവില്‍ കെ- ഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സ് ഉള്ളത്.
മറ്റുള്ള പഞ്ചായത്തുകളില്‍ കെ ഫോണ്‍ പോയിന്റ് ഓഫ് പ്രസന്‍സ് ലഭ്യമാകുന്ന മുറക്ക് പദ്ധതി നടപ്പാക്കുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. കല്പറ്റ നഗരസഭയിലും മൂന്നു പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ഒരു നിയോജകമണ്ഡലത്തിലെ 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് പദ്ധതി ലഭ്യമാകുക. നിലവില്‍ നല്കുന്ന നൂറ് കണക്ഷനുകളില്‍ നാല് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്നിന്ന് 25 വീതം ഗുണഭോക്താക്കളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുമായി ബന്ധപ്പെട്ട യോഗം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
www.wayanadnews.in K- Fhone