

കൽപറ്റ: സമൂഹത്തിൽ പടർന്നു പിടിക്കുന്ന ലഹരിമാഫിയകൾക്കെതിരെ പോരാടാൻ സ്കൂൾ വിദ്യാർഥികളോട് ആഹ്വാനം ചെയ്ത് മുൻ ഇന്ത്യൻ ഫുട്ബോൾ താരവും സർക്കാറിന്റെ ലഹരി വിരുദ്ധ പദ്ധതിയായ യോദ്ധാവിന്റെ പ്രമോട്ടറുമായ ഐ.എം.വിജയൻ. കബനിഗിരി നിർമ്മല ഹൈസ്കൂളിൽ യോദ്ധാവ് പദ്ധതി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വലയിലേക്ക് നയിക്കുന്ന വ്യക്തികളിൽ നിന്നും ലഹരിവസ്തുക്കളിൽ നിന്നും അകന്നു നിൽക്കണമെന്നും, കായിക വിനോദത്തെ ലഹരിയാക്കണമെന്നും അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. സ്കൂൾ കായിക മേളയിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തും വിദ്യാർഥികൾ ക്കൊപ്പം സെൽഫിയെടുത്തും പുതുതലമുറക്ക് ആവേശം പകർന്ന് ഐ.എം വിജയൻ കുട്ടികളോട് സംവദിച്ചു.
പ്രധാനധ്യാപകൻ എൻ.യു ടോമി, പി.ടി.എ പ്രസിഡന്റും മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഷിനു കച്ചിറയിൽ, കായികാധ്യാപകൻ മിഥുൻ വർഗീസ്, സി.സി. ഷാജി, എം.സി വർക്കി, കെ.ജെ ബെന്നി, ഷിനി ജോർജ്, ലിസിയാമ്മ കട്ടിക്കാന, സ്കൂൾ ലീഡർ എറ്റല്ല സി. ഫിലിപ്പ് എന്നിവർ സംസാരിച്ചു.