മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ട അതിഥി തൊഴിലാളിയായ അമ്മയുടെ മരണാനന്തര കർമങ്ങൾ ചെയ്യാൻ ബിഹാറിലേക്ക് പോകാൻ മകന് വഴിയൊരുക്കി എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ. അവസാനം സ്വന്തം ജന്മ ദേശത്തേക്ക് മടങ്ങണമെന്ന അമ്മ ഫുൽകുമാരി ദേവിയുടെ ആഗ്രഹം നടന്നില്ലെങ്കിലും അവരുടെ മരണാനന്തര ക്രിയകൾക്ക് നാട്ടിലെത്തിക്കണമെന്ന മകന്റെ ആഗ്രഹത്തിനാണ് സാന്ത്വനം പ്രവർത്തകർ സൗകര്യമൊരുക്കിയത്.
ബിഹാറിലെ വൈശാലി ജില്ലയിലെ ഭഗവാൻ പൂരിലേക്ക് പോകേണ്ട മകൻ രവി രോസൻ കുമാറിന് ജില്ല എസ്.വൈ.എസ് സാന്ത്വനം വിമാനടിക്കറ്റും മറ്റു യാത്രാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ഹാരിസൺ എസ്റ്റേറ്റിൽ ജോലിക്കായെത്തിയതാണ് രോസൻ കുമാറിന്റെ കുടുംബം. ദുരന്തത്തിൽ അമ്മ മരണപ്പെട്ടതിനു പുറമെ മൂന്നു ബന്ധുക്കളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
കൈയിലുള്ള സമ്പാദ്യങ്ങളെല്ലാം ഉരുൾപൊട്ടലിൽ ഒലിച്ചുപോവുകയും ചെയ്തു. മർകസ് ബീഹാർ കോഓഡിനേറ്ററാണ് രോസൻ കുമാറിന്റെ കുടുംബത്തിന്റെ ദയനീയ ചിത്രം സാന്ത്വനം ഹെൽപ്പ് ഡെസ്കിൽ അറിയിച്ചത്.
കേരള മുസ് ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കെ.ഒ. അഹ്മ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ശറഫുദ്ദീൻ, എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ബഷീർ സഅദി, ജന. സെക്രട്ടറി ലത്തീഫ് കാക്കവയൽ, സി.എം. നൗഷാദ്, നസീർ കോട്ടത്തറ, ശമീർ തോമാട്ടുചാൽ, ഡോ. ഇർശാദ്, ഫള്ലുൽ ആബിദ് എന്നിവർ ചേർന്ന് രോസനെ യാത്രയാക്കി.