കൽപറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനിടെ, സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി. ഇതു സംബന്ധിച്ച് വെങ്ങപ്പള്ളി സ്വദേശി പി. സൈനുദ്ദീൻ, കൽപ്പറ്റ സ്വദേശി ഷമീർ ഒടുവിൽ എന്നിവരാണ് കൽപറ്റ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.
രാജ്യത്തെ നടുക്കിയ ഉരുൾ ദുരന്തത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം തുടരുകയാണ്. അതിനിടയിൽ, ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ടുപോയ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഏതാനും ആളുകൾ അറിയിച്ചിരുന്നു. ഇവരുടെ ആത്മാർഥമായ സഹായ വാഗ്ദാനത്തെ പരിഹസിച്ച് അവഹേളനകരമായ പരാമർശം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച യുവതികളെ അവഹേളിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട സുകേഷ് പി. മോഹനൻ, വിജയ് മയിൽ പീലി, ബാബുരാജ് വാണിയമ്പലം, ജോർജ് കെ.ടി., സുരേന്ദ്രൻ ഒ.വി. എന്നീ വ്യക്തികൾക്കും ഹിന്ദു ഹെൽപ് സെന്റർ എഫ്.ബി ഗ്രൂപ്പിനുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. സമൂഹത്തിൽ സ്പർധയുണ്ടാക്കൽ, സ്ത്രീ വിരുദ്ധ പരാമർശം, മനപൂർവം കലാപമുണ്ടാക്കാൻ ശ്രമം, അശ്ലീല പദപ്രയോഗം എന്നീ ഉദ്ദേശ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതികൾക്കൊപ്പം ഇവരുടെ കമന്റുകളും ഉള്ളടക്കം ചെയ്തിട്ടുണ്ട്.