താമരശ്ശേരി: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾക്ക് മാത്രമാണ് യാത്രാനുമതി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കണം.
വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. പോലീസ് നിർദേശത്തെത്തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് വിവരം. ഇതിൽ ഒരാൾ വിദേശിയെന്നാണ് റിപ്പോർട്ട്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.
ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പോലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്.