കൽപറ്റ: ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനസംരക്ഷണസമിതി (വി.എസ്.എസ്) നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ വനം വിജിലൻസ് അന്വേഷണം വരുന്നു. വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രമായ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ്ങിന്റെ ചുമതല വനസംരക്ഷണ സമിതിക്കാണ്. 16 ലക്ഷം രൂപയുടെ തിരിമറിയാണ് ഇതിനകം ഇവിടെ നടത്തിയത്. കേസിലെ അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ണൂർ സി.സി.എഫ് കെ.എസ്. ദീപക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
സാമ്പത്തിക തിരിമറിക്കു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനുമാത്രം ഇത്രയും തുകയുടെ ക്രമക്കേട് നടത്താൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഓഫിസർ ഉൾപ്പെടെയുള്ള വി.എസ്.എസിലെ വനംവകുപ്പ് ജീവനക്കാർക്കുനേരേ നടപടിയുണ്ടാവും. വനം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് വനസംരക്ഷണസമിതി. ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ്ങിന്റെ ചുമതല സമിതിക്കായതിനാൽ വൻതുകയാണ് വരുമാനം.
വിനോദ സഞ്ചാരികളുടെ വനത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം തടയുന്നതിന് വേണ്ടിയാണ് വനംസംരക്ഷണ സമിതി ട്രക്കിങ് ചുമതല ഏറ്റെടുത്തത്. 1770 രൂപ കൊടുത്താൽ പത്ത് പേർക്ക് ചെമ്പ്രമല കയറി തിരിച്ചുവരാം. ഈ പണം വനസംരക്ഷണ സമിതി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ ഏറെ വർഷങ്ങളായി തിരിമറി നടത്തുന്നുവെന്ന കാര്യമാണ് പുറത്തായത്. കഴിഞ്ഞ വർഷം മാത്രം 16 ലക്ഷം രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇതിൽ 13 ലക്ഷം രൂപ ബന്ധപ്പെട്ടവർ തിരിച്ചടച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. 15 വർഷത്തിലേറെയായി ഈ തട്ടിപ്പ് തുടരുന്നുവെന്നാണ് ആരോപണം. എട്ടുവർഷമായി ചെമ്പ്രയിൽ ഓഡിറ്റിങ് നടത്തിയിട്ടില്ല. ഇതിന്റെ മറവിലാണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ദിവസവരുമാനമായി കിട്ടുന്ന ഒരുലക്ഷം രൂപവരെയുള്ള തുക കൃത്യമായി ബാങ്കിലടക്കാതെ റിസോർട്ട് നടത്തിപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
ഈ വർഷം ആദ്യമായി ഓഡിറ്റിങ് നടത്തിയതോടെയാണ് ക്രമക്കേട് കണ്ടെത്തുന്നത്. ഇതോടെ സൗത്ത് വയനാട് ഡി.എഫ്.ഒ ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ആരോപണവിധേയനായ ബീറ്റ് ഓഫിസറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പൊലീസിലും വനംവകുപ്പ് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, വിവരാവകാശ പ്രവർത്തകനായ ബി. പ്രദീപ് കുമാർ 2008 മുതൽ 2024 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് ചോദിച്ച് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, 2008 മുതൽ 2024 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് ഓഫിസിൽ ലഭ്യമല്ലെന്ന വിവരാവകാശ മറുപടിയാണ് ലഭിച്ചത്.
ചെമ്പ്ര പീക്ക് വനസംരക്ഷണ സമിതിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് വനസംരക്ഷണ സമിതി എക്സിക്യൂട്ടിവ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.