

പുൽപള്ളി: നിയമാനുസൃതമായ എല്ലാ അനുമതികളോടെയും പ്രവർത്തിക്കുന്ന കോഴി ഫാം അടച്ചുപൂട്ടിക്കാനുള്ള നീക്കത്തിനെതിരെ കോഴി ഫാം ഉടമയായ പെരിക്കല്ലൂർ പെരുമ്പിൽ ലിജി ജോസ് കലക്ടർക്ക് പരാതി നൽകി. പെരിക്കല്ലൂരിൽ പ്രവർത്തിക്കുന്ന ഫാം പൂട്ടണം എന്നാവശ്യപ്പെട്ട് അയൽവാസി തെങ്ങിനുമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഫാമിനെക്കുറിച്ച് പരിസര പ്രദേശത്തെ മറ്റാർക്കും പരാതി ഇല്ലെന്നും അവർ പറഞ്ഞു. അഞ്ച് ലക്ഷം രൂപ പിന്നാക്ക വികസന കോർപറേഷനിൽ നിന്നും വായ്പയെടുത്താണ് ഫാം നിർമിച്ചത്.
ആ സമയത്ത് ഫാമിൽ നിന്നും നൂറു മീറ്റർ അകലെ താമസിച്ചിരുന്ന ആളാണ് ഫാമിനെതിരെ പരാതി കൊടുത്തത്. ഇതിനുപുറമെ ഫാമിനോട് ചേർന്ന് ഷെഡ് നിർമ്മിക്കുകയും ചെയ്തു. ഇവിടെയാണ് താമസമെന്ന് വരുത്തി തീർക്കുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്തിന്റെ ലൈസൻസോടുകൂടിയും മറ്റുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലുമാണ് ഫാം പ്രവർത്തിക്കുന്നത്. ഇതു സംബന്ധിച്ച് അയൽവാസി നൽകിയ പരാതിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയെങ്കിലും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ല. ഫാമിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ഉപജീവന മാർഗമെന്നും ഇവർ പറയുന്നു. ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കലക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.