

അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തുന്നതിന് കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. സക്കീർ ഹുസൈനെ മന്ത്രി പി. പ്രസാദ് ചുമതലപ്പെടുത്തി.
ഫാമിൽ പുതുതായി ആരംഭിക്കുന്ന സെന്റർ ഓഫ് എക്സലൻസിയിൽ കോടതി ഉത്തരവ് അനുസരിച്ച് 47 തൊഴിലാളികൾക്ക് ജോലി കൊടുക്കുന്നതിനും വരുന്ന ഒഴിവിലേക്ക് താൽക്കാലിക തൊഴിലാളികൾക്ക് മുൻഗണന നൽകാനും തീരുമാനമായി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ എട്ടു ദിവസമായി ഫാമിലെ തൊഴിലാളികള്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ സമരത്തിലായിരുന്നു.
സമര സമിതി നേതാക്കളുമായി മണ്ണുത്തിയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പുകള്‍ നല്‍കിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സി.പി.ഐ ജനകീയ സമതിയുടെ നേതൃത്വത്തിൽ അമ്പലവയൽ ആർ.എ.ആർ.എസ് ഫാമിന് മുമ്പിൽ നടന്നു വന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. കൃഷിമന്ത്രി പി. പ്രസാദിന് പുറമെ റവന്യൂ മന്ത്രി കെ രാജൻ, കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക്, രജിസ്ട്രാര്‍ ഡോ. സക്കീർ ഹുസൈന്, ഡെപ്യൂട്ടി റജിസ്ട്രാര്‍ മധു സുബ്രമണ്യൻ, ഡോ. എസ്. ലത, എച്ച്.എം. ഡയറക്ടർ ആരതി, സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു, ജില്ല എക്സിക്യൂട്ടിവ് അംഗം സി.എം. സുധീഷ്, ജില്ല കൗൺസിൽ അംഗം എം. വിജയലക്ഷ്മി, മണ്ഡലം സെക്രട്ടറി സജി വർഗീസ്, എം.എസ്. സാബു, പി. സുബൈദ, കെ. റംഷീന എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.