കൽപറ്റ: കൽപറ്റ നഗരമധ്യത്തിന്റെ ഇടവഴിയിലെ പ്രാഥമികകൃത്യം അവസാനിപ്പിക്കുന്നതിന് നടപടികളുമായി നഗരസഭ. മാനന്തവാടി, സുൽത്താൻ ബത്തേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ നിർത്തുന്ന സ്റ്റോപ്പിന് സമീപം സപ്ലൈകോ റോഡിലെ മാലിന്യങ്ങൾ പൂർണമായും നീക്കിയും സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തിയുമാണ് നഗരസഭ അധികൃതർ താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്.നഗരമധ്യത്തിലെ ഇടവഴി മൂത്രമൊഴിക്കൽ കേന്ദ്രമായി മാറിയിട്ട് ഏറെ നാളായിട്ടും ഇതുസംബന്ധിച്ച പ്രതിഷേധം ശക്തമായിട്ടും വാർത്തകൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ വൈകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതോടൊപ്പം ഇടവഴിയിൽ രാത്രികാല നിരീക്ഷണത്തിനായും സി.സി.ടി.വി കാമറകൾ അധികൃതർ സ്ഥാപിച്ചു.
നഗരസഭ ചെയർമാൻ കെയംതൊടി മുജീബ്, സെക്രട്ടറി അലി അസ്ഹർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി ഇടവഴി വൃത്തിയാക്കുന്ന പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ചു. രാത്രികാലങ്ങളിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ ടോയ് ലറ്റ് സൗകര്യമുള്ളയിടങ്ങളിൽ ബസുകൾ നിർത്താനുള്ള തീരുമാനമെടുക്കും. ഇതിനായി അടുത്ത ദിവസം തന്നെ ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ചേരും.