മാനന്തവാടി: അപ്രതീക്ഷിതമായ ദാരുണ സംഭവങ്ങൾക്കൊടുവിൽ കടുവയുടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ കർഷകൻ തോമസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വ്യാഴാഴ്ച കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പള്ളിപ്പുറത്ത് തോമസ് എന്ന സാലുവിന് (50) അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് ശനിയാഴ്ച രാവിലെ മുതൽ പുതുശ്ശേരി പൊള്ളമ്പാറ റോഡരികിലുള്ള കൈവേലിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് സാലുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചത്. അപ്പോൾ മുതൽ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. കണ്ണീരോടെയാണ് ശനിയാഴ്ച തോമസിന് നാട് വിടനൽകിയത്. തോമസിന്റെ വേർപാടിൽ ഉലഞ്ഞുപോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പാടുപെട്ടു.
തോമസിന്റെ ഭാര്യ സിനിയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളുണ്ടായിരുന്നില്ല. മൃതദേഹത്തിനുസമീപം തളർന്നുവീണ് അവശയായിക്കിടന്ന സിനിയുടെയും മക്കളുടെയും അവസ്ഥ അവിടെ എത്തിയവരുടെയും കണ്ണുനനയിച്ചു. തോമസിന് അന്ത്യചുംബനം നൽകുമ്പോഴും അവിടം സങ്കടക്കടലായി.
നാട്ടുകാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പുറമെ ജനപ്രതിനിധികളും അന്തിമോപചാരമർപ്പിക്കാനെത്തി. എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, സണ്ണി ജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയ ജനപ്രതിനിധികൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
അമേരിക്കയിലുള്ള സഹോദരൻ ഫാ. ജോസ് പള്ളിപ്പുറത്ത് എത്തുന്നത് കാത്താണ് മൃതദേഹം അടക്കാൻ വൈകിയത്. വിമാനമാർഗം ബംഗളൂരുവിലെത്തിയ ഫാ. ജോസ് ശനിയാഴ്ച ഉച്ചക്കുമുമ്പേ വീട്ടിലെത്തിയിരുന്നു. പ്രാർഥന ശുശ്രൂഷകൾക്കുശേഷം വൈകീട്ട് 3.10നാണ് മൃതദേഹം വിലാപയാത്രയായി പുതുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയിലേക്ക് കൊണ്ടുപോയത്. പള്ളിയിലെ പൊതുദർശനത്തിനും പ്രാർഥന ശുശ്രൂഷകൾക്കുംശേഷം 5.30ഓടെ സംസ്കരിച്ചു.
തോമസിന്റെ വീട്ടിൽ നടത്തിയ പ്രാർഥന ശുശ്രൂഷകൾക്ക് സഹോദരൻ ഫാ. ജോസ് പള്ളിപ്പുറത്ത് കാർമികത്വം വഹിച്ചു. പുതുശ്ശേരി പള്ളിയിൽ നടത്തിയ ശുശ്രൂഷ ചടങ്ങുകൾക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ മുഖ്യകാർമികത്വം വഹിച്ചു.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് അനുശോചന സന്ദേശം നൽകി. മലങ്കര കത്തോലിക്ക ബത്തേരി രൂപത ബിഷപ് ഡോ. ജോസഫ് മാർ തോമസ് കഴിഞ്ഞ ദിവസം വീട്ടിലെത്തി പ്രാർഥനക്ക് നേതൃത്വം നൽകിയിരുന്നു.
സംസ്കാര ചടങ്ങുകൾക്ക് കണ്ണൂർ ബറുമുറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ, പുതുശ്ശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. അരുൺ മുയൽകല്ലിങ്കൽ എന്നിവർ സഹകാർമികരായി.