കൽപറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ഇനി പാർലമെന്റിൽ മണ്ഡലത്തിനായി ശബ്ദമുയർത്താൻ താനും സഹോദരിയുമുണ്ടാകുമെന്നും രാഹുൽ ഗാന്ധി. കൽപറ്റയിൽ പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന്റെ ഔദ്യോഗിക എം.പിയായി പ്രിയങ്കയുണ്ടാകും. അനൗദ്യോഗിക എം.പിയെന്ന നിലയിൽ താനും വയനാടിനായി പ്രവർത്തിക്കും. രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെനിന്ന വയനാടിനെ ഒരിക്കലും മറക്കാനാകില്ല. വാക്കുകൾകൊണ്ട് ആ ബന്ധം പ്രകടിപ്പിക്കാനാകില്ല. പ്രവൃത്തിയിലൂടെ അത് ഇനിയും തെളിയിക്കുമെന്നും രാഹുൽ പറഞ്ഞു.
കുട്ടിക്കാലം മുതൽ ഏത് പ്രതിസന്ധിയിലും കൂട്ടുകാർക്കായി നിൽക്കുന്നയാളാണ് സഹോദരി പ്രിയങ്ക. മറ്റുള്ളവർക്കായി എന്ത് ത്യാഗവും സഹിക്കുന്നവൾ. പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ അവൾക്ക് 17 വയസ്സായിരുന്നു. സങ്കടക്കടലിലായ അമ്മ സോണിയയെ എല്ലാനിലയിലും സംരക്ഷിച്ചത് അന്ന് പ്രിയങ്കയായിരുന്നു.
അവളെ താൻ നിങ്ങളെ ഏൽപിക്കുകയാണ്. സ്വന്തം കുടുംബമായാണ് വയനാടിനെ അവൾ കാണുന്നതെന്നും നല്ലവണ്ണം അവളെ നോക്കണമെന്നും സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി, പ്രവർത്തകരുടെ വൻകൈയടിക്കിടെ പറഞ്ഞു.