മാനന്തവാടി: അയനിയാറ്റിൽ കോളനി പരിസരത്തിറങ്ങിയ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യമോ പുതിയ കാൽപ്പാടുകളോ കണ്ടെത്താനായില്ല. കടുവക്കായി നോർത്ത് വയനാട് വനം ഡിവിഷൻ റാപ്പിഡ് റെസ്പോൺസ് ടീമും തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ടീമും കഴിഞ്ഞ ദിവസങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.
പ്രദേശവാസികളുടെ ആശങ്കയകറ്റുന്നതിനായി വനം വകുപ്പിനറെ നേതൃത്വത്തിൽ നൈറ്റ് പട്രോളിങും ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് അയനിയാറ്റിലിലെ സംഭരണകേന്ദ്രത്തിൽ പാലളക്കാനെത്തിയവർ കടുവയുടെ കാൽപ്പാടുകൾ കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ ഇത് കടുവയുടേതെന്ന് സ്ഥിരീകരിച്ചു. സമീപത്തുള്ള തേയിലത്തോട്ടത്തിലും മറ്റുമാണ് കാര്യമായി തിരച്ചിൽ നടത്തിയത്. പ്രദേശവുമായി അതിര് പങ്കിടുന്ന പിലാക്കാവ് ജെസി വനത്തിലേക്ക് കടുവ പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.
പിന്നീട് കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാത്തത് വനപാലകർക്കും പ്രദേശവാസികൾക്കും ഒരു പോലെ ആശ്വാസമായിട്ടുണ്ട്. കടുവയെ നിരീക്ഷിക്കുന്നതിനായി കാൽപാടു കണ്ട പ്രദേശത്തിനു സമീപം രണ്ടു കാമറകൾ വനപാലകർ സ്ഥാപിച്ചിട്ടുണ്ട്. ഈ കാമറയിലൊന്നും കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.