

മുണ്ടക്കൈ: ഉരുള്‍പൊട്ടൽ രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളിത്തവുമായി നാവികസേനയും. 78 സേനാംഗങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും മറ്റ് സേനാ വിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കൈമെയ് മറന്ന് അധ്വാനിക്കുന്നത്. സേനയുടെ ഹെലികോപ്ടറുകളും വയനാട്, നിലമ്പൂര്‍ മേഖലകളിൽ തിരച്ചിൽ, രക്ഷാ ദൗത്യങ്ങളിൽ പങ്കെടുക്കുന്നു.
തിരച്ചിലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുമായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് നാവിക സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘം പുഴയോരം കേന്ദ്രീകരിച്ച് തിരയുമ്പോള്‍ മറ്റേ സംഘം മലയോര മേഖലയിലാണ് തിരച്ചിൽ നടത്തുന്നത്. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് മറ്റൊരു സംഘത്തിന്റെ ചുമതല. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നൽകുന്നതിന് ചൂരൽമലയിൽ മെഡിക്കല്‍ പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
ബെയ് ലി പാലം നിര്‍മിച്ച ഇന്ത്യന്‍ സൈന്യത്തിലും നാവികസേനയുടെ പ്രാതിനിധ്യമുണ്ടായിരുന്നു. മൂന്ന് ഓഫിസര്‍മാരും 30 സേനാംഗങ്ങളുമാണ് ഈ ദൗത്യത്തിൽ അണിചേര്‍ന്നത്. റോഡ് മാർഗം ദുരന്ത മേഖലയിലേക്ക് രക്ഷാ ഉപകരണങ്ങൾ സഹിതം എത്തിച്ചേരാൻ കഴിയാതിരുന്ന പൊലീസുകാരെ ഹെലികോപ്ടറിൽ സേന ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.
കാഴ്ച കുറവായ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ ഹെലികോപ്ടര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സേനക്ക് കഴിഞ്ഞു. ഏഴിമലയിലെ ഐ.എന്‍.എസ് സമോറിനിൽ നിന്നാണ് നാവികസേന പ്രവര്‍ത്തനങ്ങളുടെ ഏകോപനം.