മേപ്പാടി: ഹിന്ദു ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത് 54 മൃതശരീരങ്ങൾ. മനസ്സ് കല്ലായി പരിവർത്തനം ചെയ്യപ്പെട്ട ദിവസങ്ങളാണ് കടന്നു പോകുന്നതെന്നും ശ്മശാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം മൃതദേഹങ്ങൾക്ക് ചിതയൊരുക്കേണ്ടി വരുന്നതെന്നും മേപ്പാടി ഹിന്ദു ശ്മശാനം ഭാരവാഹികൾ. ഉരുൾ പൊട്ടൽ ദുരന്തത്തിൽ പെട്ട 54 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ സംസ്കരിച്ചത്.
ബിഹാർ പട്ന സ്വദേശിനി മുണ്ടക്കൈ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഫൂൽ കുമാരി ദേവി മുതൽ തമിഴ്നാട്, മേപ്പാടി സ്വദേശികളുമാണിവർ. പൂർണമല്ലാത്ത ശരീരങ്ങളുമുണ്ടായിരുന്നു ഇതിൽ. മൃതദേഹങ്ങൾക്ക് അന്ത്യ കർമങ്ങൾ ചെയ്യുന്നതും സംസ്കരിക്കുന്നതും കൽപറ്റ ഐവർമഠത്തിൽ നിന്നുള്ളവരാണ്. മേപ്പാടി മാരിയമ്മൻ ക്ഷേത്രം, പൂത്തകൊല്ലി ദുർഗ ദേവി ക്ഷേത്ര വളന്റിയർമാർ, എ.കെ.ജി ബ്രിഗേഡ്, സേവാഭാരതി വളന്റിയർമാർ എന്നിങ്ങനെ നൂറിൽ അധികം യുവാക്കൾ ഇവിടെ രാവും പകലും രംഗത്തുണ്ട്.
ഇത്രയേറെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കേണ്ടി വരുന്നത് ഹിന്ദു ശ്മശാനത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിലാദ്യമാണെന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സനും ശ്മശാന കമ്മിറ്റി ഭാരവാഹിയുമായ അഡ്വ. ബബിത പറഞ്ഞു. ആവശ്യമായ വിറക് ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭിച്ചതാണ്. കഴിഞ്ഞ ദിവസം ഒരു മൃതദേഹം മകൻ തിരിച്ചറിഞ്ഞെന്ന് അറിയിച്ച് ഇവിടെ സംസ്കരിച്ചിരുന്നു.
എന്നാൽ, പിറ്റേ ദിവസം തകർന്ന വീട്ടിൽ നിന്ന് അച്ഛന്റെ മൃതദേഹം കണ്ടെടുത്തതോടെ നേരത്തേ സംസ്കരിച്ചത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.