തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്‍റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്.
വയനാട് മേപ്പാടിക്ക് സമീപം മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലാണ് വന്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്. 32 പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 80 പേരെ രക്ഷപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. നിരവധി പേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.