മാനന്തവാടി: നഗരസഭ വൈസ് ചെയർമാനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി എൽ.ഡി.എഫ്. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫിലെ 16 കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകി.
നഗരസഭയിൽ വൈസ് ചെയർമാന്റെ പ്രവർത്തനങ്ങൾ സ്വജനപക്ഷപാതിത്വത്തോടെയുള്ളതും അഴിമതികൾ നിറഞ്ഞതുമാണെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. നഗരസഭക്ക് കീഴിൽ പയമ്പള്ളിയിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിൽ നഗരസഭ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി മകന് ഡോക്ടറായി നിയമനം നൽകി. ഇത് സത്യപ്രതിജ്ഞ ലംഘനമാണ്.
2022-23 വർഷത്തെ വാർഷിക പദ്ധതിയിൽ വിദ്യാർഥിനികൾക്ക് വിതരണം ചെയ്യാൻ ലാപ്ടോപ്പുകൾ വാങ്ങിയത് വിപണി വിലയേക്കാൾ ഇരട്ടിവിലക്കാണ്. നടപടി ക്രമം പാലിക്കാതെ ലാപ്ടോപ്പ് വാങ്ങി ലക്ഷങ്ങളുടെ അഴിമതിയാണ് നടത്തിയത്. പട്ടികവർഗ വനിതകൾക്കുള്ള തയ്യൽ മെഷീൻ വാങ്ങിയതിലും വയോജനങ്ങൾക്ക് നൽകാൻ കട്ടിൽ വാങ്ങിയതും വിപണി വിലയേക്കാൾ അധിക വിലക്കാണ്. അഴിമതിയിലൂടെ നഗരസഭക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അബ്ദുൽ ആസിഫാണ് നോട്ടീസ് നൽകിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ പിന്തുണച്ചു. മറ്റു 14 അംഗങ്ങൾ ഒപ്പിട്ടു. 36 അംഗങ്ങളാണ് ആകെ കൗൺസിലിലുള്ളത്. ഭരണപക്ഷത്ത് 20 പേരാണ് ഉള്ളത്. അവിശ്വാസം ഒക്ടോബർ 17 ന് ചർച്ചക്കെടുക്കും.