സുൽത്താൻ ബത്തേരി: വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയിട്ടും സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ വൈസ് ചെയർമാനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ഭിന്നത. വെള്ളിയാഴ്ച രാവിലെ അർബൻ ബാങ്കിൽ നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ അട്ടിമറി. കെ.പി.സി.സി നിർദേശിച്ച ശ്രീജി ജോസഫിനെതിരെ മത്സരിച്ച കോണ്‍ഗ്രസിലെ തന്നെ വി.ജെ. തോമസാണ് ജയിച്ചത്.
ഒരു മുസ്ലിം ലീഗ് അംഗത്തിന്റെ ഉൾപ്പെടെ വി.ജെ. തോമസിന് ഒമ്പത് വോട്ടുകള്‍ ലഭിച്ചപ്പോൾ ശ്രീജിക്ക് നാല് വോട്ടുകളെ ലഭിച്ചുള്ളു. ബാങ്ക് തെരഞ്ഞെടുപ്പില്‍ 13 സീറ്റും നേടി യു.ഡി.എഫാണ് അധികാരത്തില്‍ വന്നത്. ചെയര്‍മാനായി ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ഡി.പി. രാജശേഖരനെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.
ചെയർമാൻ, വൈസ് ചെയർമാൻ സംബന്ധിച്ച് ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഡി.സി.സിയിൽ യോഗം ചേർന്നിരുന്നു. രാത്രിവരെ നീണ്ട മാരത്തൺ ചർച്ചകളിൽ വൈസ് ചെയർമാൻ സ്ഥാനം സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു.
കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ, കെ.എൽ. പൗലോസ് എന്നിവർ ഡി.പി. രാജശേഖരനെ ചെയർമാനാക്കാൻ വാദിച്ചു. സമവായത്തിനൊടുവിൽ വൈസ് ചെയർമാനായി ശ്രീജി ജോസഫിനെ തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനാണ് ശ്രീജി ജോസഫിനു വേണ്ടി ശക്തമായി രംഗത്തുവന്നത്. ഇതു സംബന്ധിച്ച് കോൺഗ്രസിലെ 12 അംഗങ്ങൾക്കും ഡി.സി.സി നേതൃത്വം വിപ്പ് കൊടുത്തു. എന്നാൽ, വൈസ് ചെയർമാനെ തീരുമാനിക്കാൻ വെള്ളിയാഴ്ച രാവിലെ ബാങ്കിൽ തെരഞ്ഞെടുപ്പ് തീരുമാനിക്കപ്പെടുകയും നേതൃത്വത്തിന്റെ വിപ്പിനെ അംഗീകരിക്കാതെ ഭൂരിപക്ഷം അംഗങ്ങളും വോട്ടുചെയ്യുകയുമായിരുന്നു.
വൈസ് ചെയർമാൻ സംബന്ധിച്ച് കെ.പി.സി.സി തീരുമാനം വേണ്ടപോലെ അംഗങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. സാജൻ പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ബാങ്കിലെ 13 അംഗങ്ങളും ഇനി നടത്താൻ പോകുന്നതെന്നും അതിന് അനുകൂലമായവരാണ് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.