

കല്പറ്റ: പുല്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ മുന്‍ കോണ്‍ഗ്രസ് ഭരണസമിതിയുടെ കാലത്തു വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന്‍നായരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്.
വായ്പ ക്രമക്കേടുകളെത്തുടര്‍ന്നു കടക്കെണിയില്‍ അകപ്പെട്ട് കേളക്കവല ചെമ്പകമൂലയിലെ കര്ഷകന് രാജേന്ദ്രന് നായര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സഹകരണ മന്ത്രി നിര്‍ദേശിച്ചതനുസരിച്ച് സഹകരണ രജിസ്ട്രാര്‍ സഹകരണ നിയമത്തിലെ വകുപ്പ് 66(1) പ്രകാരം ഉത്തരവിറക്കിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വായ്പ വിതരണത്തിലെ ക്രമക്കേടുകള്‍, ബാങ്കിന്റെ ആസ്തി-ബാധ്യതകള്‍, ബാങ്കിന്റെ പൊതുഫണ്ട് ദുര്‍വിനിയോഗം എന്നിവ അന്വേഷണ വിഷയങ്ങളാണ്.
രാവിലെ 11 ഓടെയാണ് അന്വേഷണ സംഘം ബാങ്കിലെത്തിയത്. 2017-18 മുതല്‍ 2022-23 വരെ വിതരണം ചെയ്ത വായ്പകളുമായി ബന്ധപ്പെട്ട രേഖകളാണ് സംഘം പരിശോധിക്കുക. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കുന്നതിനു സംഘത്തിനു ഒരു മാസത്തെ സാവകാശമുണ്ട്. പ്രാഥമിക പരിശോധനയാണ് തുടങ്ങിയതെന്ന് ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.അയ്യപ്പന് നായര്‍ പറഞ്ഞു.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം, സെക്രട്ടറി കെ.ടി.രമാദേവി എന്നിവര്‍ റിമാന്‍ഡിലാണ്. രാജേന്ദ്രന് നായരുടെ ആത്മഹ്യയുടെ പശ്ചാത്തലത്തിലാണ് ഇവരെ അറസ്റ്റിലായത്.