

വൈത്തിരി: നിരവധിയിടങ്ങളിൽനിന്ന് വിവാഹം കഴിച്ച് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്നയാളെ വൈത്തിരി പൊലീസ് പിടികൂടി. ഗുരുവായൂർ രായന്മാരാക്കാർ വീട്ടിൽ റഷീദിനെയാണ് (41) എ.എസ്.ഐ മുജീബുറഹ്മാൻ, സീനിയർ സി.പി.ഒ ശാലു ഫ്രാൻസിസ്, ഡ്രൈവർ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പിലാക്കാവിൽ പുതിയതായി വിവാഹം കഴിച്ച വീട്ടിൽവെച്ചാണ് പിടികൂടിയത്.
നിർധനരായ സ്ത്രീകളെ വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങുന്ന പതിവാണ് ഇയാൾക്കെന്നും പത്തോളം വിവാഹം കഴിച്ചതായാണ് പൊലീസ് അറിയിച്ചു. മോഷണക്കേസിലും പ്രതിയാണ്. വൈത്തിരിയിൽനിന്ന് വിവാഹം കഴിച്ച് മുങ്ങിയ കേസിലാണ് ഇയാളെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.