

സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി കുറ്റൂർ ഇർഷാദ് (25) ആണ് വ്യാഴാഴ്ച രാത്രി പിടിയിലായത്. ഇയാളിൽ നിന്നും 78ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ സ്കാനിയ ബസിൽ മലപ്പുറത്തേക്ക് പോകുന്നതിനിടെ മുത്തങ്ങയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപനക്കായാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിടികൂടിയ മയക്കുമരുന്നിന് കേരളത്തിൽ അഞ്ചു ലക്ഷത്തോളം രൂപ വിലയുണ്ട്. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന മാഫിയയുടെ മുഖ്യ കണ്ണിയാണ് ഇർഷാദെന്നും എക്സൈസ് സംഘം അറിയിച്ചു.
വാഹന പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ പി.കെ. പ്രഭാകരൻ, അജിഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.കെ. ബാലകൃഷ്ണൻ, കെ.കെ. സുധീഷ് എന്നിവർ പങ്കെടുത്തു. പ്രതിയെയും തൊണ്ടിമുതലുകളും തുടർനടപടികൾക്കായി സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി.