സുൽത്താൻ ബത്തേരി: ജനങ്ങളെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം. ബീനാച്ചിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെ കൊന്നു. ശനിയാഴ്ച വെളുപ്പിനോടെയാണ് കടുവ എത്തിയത്. രണ്ട് ആടുകളിൽ ഒന്നിനെ വലിച്ചുകൊണ്ടു പോയി തിന്നു. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
മീനങ്ങാടി കൃഷ്ണഗിരിയിൽ ആടുകളെ കൊന്ന കടുവയാണ് ബീനാച്ചിയിലും ആക്രമണം നടത്തിയതെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ ബീനാച്ചി എസ്റ്റേറ്റിൽ ഉണ്ടെന്ന് ഉറപ്പാണ്. എന്നാൽ കാടുമൂടിയ എസ്റ്റേറ്റിൽ തെരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി.
കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേൽ മേഴ്‌സിയുടെ നാലും ആവയൽ പുത്തൻപുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നത്. ഇന്നലെ അടക്കം ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ 20 ഓളം ആടുകളാണ് ജില്ലയിൽ കൊല്ലപ്പെട്ടത്.