കൽപറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ 54 കോൺട്രാക്ട് കാര്യേജ് ബസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉടമകൾക്കെതിരെ പിഴ ശിക്ഷയുൾപ്പെടെ കർശന നടപടികൾ സ്വീകരിച്ചു.
സ്പീഡ് ഗവർണർ വിഛേദിച്ച് സർവീസ് നടത്തിയ ഏഴ് ബസുകളുടെ ഫിറ്റ്നസ്, ഡ്രൈവർമാരുടെ ലൈസൻസ് എന്നിവ റദ്ദാക്കിയതായി ആർ.ടി.ഒ അധികൃതർ അറിയിച്ചു.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശനുസരണം എം.വി.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, റെജി സുജിത്, സൗരഭ്, സുമേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അനൂപ് വർക്കി അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ താഴെ പറയുന്ന ഇമെയിൽ /ഫോൺ നമ്പർ മുഖാന്തിരം പൊതുജനങ്ങൾക്ക് പരാതി നൽകാവുന്നതാണ്. ഇമെയിൽ: rtoe12.mvd@kerala.gov.in ഫോൺ: 9188963112.