രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

Spread the News
രക്തജന്യ രോഗ ചികിത്സയ്ക്ക് ആസ്റ്റർ മിംസിൽ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: രക്തസ്രാവവും രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥകൾ മൂലമുണ്ടാകുന്ന സങ്കീർണ്ണമായ തകരാറുകൾക്കും, ഏകീകൃതവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റർ മിംസിൽ അത്യാധുനിക ലബോറട്ടറി സൗകര്യങ്ങളോടെ ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചു. രക്തസ്രാവ രോഗങ്ങളും രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയും (ത്രോംബോസിസ്) ശരിയായ സമയത്ത് രോഗനിർണ്ണയം നടത്താത്തപക്ഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനിക്കും വരെ കാരണമാകുന്നവയാണ്. കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന ഇത്തരം സങ്കീർണ്ണ രോഗങ്ങൾക്ക് കൃത്യമായതും കേന്ദ്രീയകൃതവുമായ പരിശോധനാ കേന്ദ്രങ്ങളുടെയും വിദഗ്ദ്ധ ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ഈ മേഖലയിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതിനാലാണ് ആസ്റ്റർ മിംസിൽ അത്യാധുനിക ബ്ലീഡിംഗ് ആൻഡ് ത്രോംബോസിസ് ക്ലിനിക്ക് ആരംഭിച്ചത്. കൂടാതെ തുടർച്ചയായ രക്തസ്രാവം മൂലം വിഷമിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് ശസ്ത്രക്രിയകൾക്ക് മുൻപുള്ള നിർണ്ണായക പരിശോധനകളും രോഗനിർണ്ണയവും കൃത്യമായ ചികിത്സയും പുതിയ ക്ലിനിക്കിലൂടെ ലഭ്യമാകും. ഇത്തരം നൂതന ചികിത്സാ സൗകര്യങ്ങൾ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്നും സങ്കീർണ്ണമായ രക്തസംബന്ധ രോഗങ്ങൾ സമയബന്ധിതമായി നിർണ്ണയിക്കുന്നതിലൂടെ ജീവൻ രക്ഷിക്കുന്നതിൽ ക്ലിനിക്കിൻ്റെ പ്രവർത്തനം നിർണ്ണായകമാണെന്നും ചടങ്ങിൻ്റെ മുഖ്യാതിഥിയായ തൃശൂർ ഗവ. മെഡിക്കൽ കോളേജ് പീഡിയാട്രിക്‌സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. അജിത് കുമാർ വ്യക്തമാക്കി.

രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒരേസമയം നിയന്ത്രിക്കേണ്ടി വരുന്നത് വൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികളിലൊന്നാണെന്ന് ക്ലിനിക്ക് മേധാവിയും കൺസൾട്ടന്റുമായ ഡോ.കാർത്തിക കെ.വി. പറഞ്ഞു. അത്യാധുനിക ലബോറട്ടറി സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും കരുത്തിൽ ഹീമോഫീലിയ, പ്ലേറ്റ്‌ലെറ്റ് ഫംഗ്ഷൻ ഡിസോർഡേഴ്സ്, വോൺ വില്ലേബ്രാൻഡ് ഡിസീസ് തുടങ്ങിയ രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് കൃത്യമായ രോഗനിർണ്ണയവും, വ്യക്തിഗത ചികിത്സകളും നൽകാൻ പുതിയ ക്ലിനിക്കിലൂടെ സാധിക്കുമെന്നും ഡോക്ടർ കൂട്ടിചേർത്തു. കോയാഗുലേഷൻ പ്രൊഫൈൽ, ഫാക്ടർ അസ്സേ, ത്രോംബോഫീലിയ വർക്കപ്പ് തുടങ്ങിയ അത്യാധുനിക ലാബ് പരിശോധനാ സംവിധാനങ്ങളും ക്ലിനിക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തസ്രാവ വൈകല്യങ്ങളെക്കുറിച്ച് ഡോ.കാർത്തിക കെ.വി. നയിച്ച സെമിനാറും ബേസിക് കോയാഗുലേഷൻ ടെസ്റ്റുകൾ, ഫാക്ടർ അസ്സേ പരിശോധനകളുടെ തത്സമയ പ്രദർശനവും സംഘടിപ്പിച്ചു.

കഴിഞ്ഞ 25 വർഷമായി ഉത്തര മലബാറിലെ ആരോഗ്യരംഗത്ത് മാതൃകാപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് അത്യാധുനിക ചികിത്സാ മുന്നേറ്റങ്ങളും ഉറപ്പാക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിന് സാധിച്ചിട്ടുണ്ടെന്നും പ്രാദേശികതലത്തിൽ ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഇത്തരം പുതിയ ചുവടുവെപ്പുകളെന്നും, ആദ്യഘട്ടത്തിൽ ക്ലിനിക്കിൻ്റെ പ്രവർത്തനം ആഴ്ചയിൽ ഒരുദിവസമായിരിക്കുമെന്നും ആസ്റ്റർ മിംസ് സി.എം.എസ് ഡോ. എബ്രഹാം മാമൻ പറഞ്ഞു. ചികിത്സാ രംഗത്തെ നൂതന സാങ്കേതികവിദ്യകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണവും സാധാരണക്കാർക്ക് തുടർന്നും ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചടങ്ങിൽ എ.ജി.എം ഓപ്പറേഷൻസ് ഷീന നമ്പ്യാർ, പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. മനോജൻ തെക്കേടത്, ഡോ. സുദീപ് വാണിയത്ത്, ഡോ. കേശവൻ എം.ആർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment