വയനാട്: അർധസൈനികവിഭാഗമായ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡി.എസ്.സി) സേനാംഗങ്ങൾ ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി തിരിച്ചു. 67 സേനാംഗങ്ങൾ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളിലായാണ് കണ്ണൂരിൽനിന്ന് തിരിച്ചത്. ആറ് ഉദ്യോഗസ്ഥർ സംഘത്തിന് നേതൃത്വം നൽകും. ഉപകരണങ്ങൾ അടങ്ങിയ രണ്ട് ട്രക്കും ആംബുലൻസും ഇവർക്കൊപ്പമുണ്ട്.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓഫിസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും ദുരന്തത്തിൻ്റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മറ്റ് പരിപാടികൾ എല്ലാം റദ്ദാക്കി വയനാട്ടിലേക്കുള്ള യാത്രയിലാണ്. ‘മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും സംസാരിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സർക്കാരിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകും കോൺഗ്രസ്, യു.ഡി.എഫ് വർത്തകർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കാളികളാകണം. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെ ഒറ്റക്കെട്ടായി അതിജീവിക്കാം’ -അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും ഉരുൾപൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വലിയ മഴക്കെടുതിയെയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. മുഴുവൻ പാർട്ടി പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.