

കൽപറ്റ: ഡബ്ല്യു.എം.ഒ കോളജ് കാമ്പസിനു പുറത്ത് കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ചികിത്സതേടാൻ സമ്മതിക്കാതെ പൊലീസ് പിടിച്ചുകൊണ്ടുപോയി മർദിച്ചതായി പരാതി.
പനമരം സ്വദേശി മുഹമ്മദ് റാഷിദും മറ്റു രണ്ടു വിദ്യാർഥികളും പരിക്കേറ്റ് കൈനാട്ടി ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി പരിസരത്തു നിന്ന് കൽപറ്റ പൊലീസ് കൊണ്ടുപോയതായാണ് ആരോപണം.
സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറയുകയും ലാത്തികൊണ്ടു അടിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിച്ചു. പിന്നീട് റാഷിദിന്റെ മാതാവ് സ്റ്റേഷനിൽ എത്തി മണിക്കൂറുകൾക്ക് ശേഷം രാത്രി 10 മണിയോടെ ജാമ്യത്തിൽ വിടുകയായിരുന്നു.
റാഷിദിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപറ്റ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ വിദ്യാർഥിയുടെ മാതാപിതാക്കൾ എസ്.പി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകി.