വൈത്തിരി: മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹോംസ്റ്റേ ഉടമയെ കേസിൽ നിന്നൊഴിവാക്കുവാൻ ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വൈത്തിരി സി.ഐയെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി എസ്.എച്ച്.ഒ ജെ.ഇ. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ജയൻ.
ലക്കിടി മണ്ടമലയിലെ ഹോംസ്‌റ്റേയിൽ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന ഡി.ജെ പാർട്ടിക്കിടെ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുമായി 9 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽനിന്ന് ഹോംസ്റ്റേ ഉടമയെ ഒഴിവാക്കുവാൻ സി.ഐ പണം പറ്റുകയായിരുന്നു. കൈക്കൂലി കേസിൽ കൂട്ടുപ്രതിയായ സി.പി.ഒയെ തിരുനെല്ലിയിലേക്ക് സ്ഥലം മാറ്റി.
സി.ഐക്കെതിരെ അന്വേഷണം നടത്തിയ സ്‌പെഷൽ ബ്രാഞ്ച്, ഹോംസ്റ്റേ നടത്തിപ്പുകാരനായ പ്രമോദിൽനിന്ന് മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.