മാനന്തവാടി: പ്രദേശത്തുകാരുടെ കടുവപ്പേടിക്ക് താൽക്കാലികാശ്വാസം. പനവല്ലിയിൽ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയിലാണ് കൂടുസ്ഥാപിച്ചത്. കാപ്പിത്തോട്ടത്തിൽനിന്ന് അൽപം മാറി സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കൂട് സ്ഥാപിച്ചത്. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, റേഞ്ച് ഓഫിസർമാരായ കെ. രാകേഷ്, ആഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, ജയേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലാണ് വനപാലകർ കൂട് സ്ഥാപിച്ചത്. പച്ചിലകൊണ്ട് മറച്ച് കാപ്പിത്തോട്ടത്തിന് സമീപമായി സ്ഥാപിച്ച കൂട്ടിൽ ഇരയായി ആടാണുള്ളത്. രണ്ടാഴ്ച മുമ്പാണ് പനവല്ലിയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുളിക്കൽ മാത്യുവിന്റെ പശുവിനെയാണ് ആദ്യം കടുവ കൊന്നത്. പിന്നീട് വരകിൽ വിജയന്റെ പശുക്കിടാവും പുളിക്കൽ റോസയുടെ പശുവും കടുവയുടെ ആക്രണത്തിൽ ചത്തു. ആദ്യഘട്ടത്തിൽ വനപാലകർ കാമറവെച്ചാണ് നിരീക്ഷിച്ചത്. കൂടുവെക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്ഥാപിച്ചത്.