മാനന്തവാടി: നഗരസഭയിൽ വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ യജ്ഞത്തിന് തുടക്കമായി. അമ്പുകുത്തി ഡിവിഷൻ കോട്ടക്കുന്ന് ഗ്രൗണ്ടിൽ വളർത്തു നായ്ക്കൾക്ക് പേവിഷ ബാധ കുത്തിവെപ്പ് നൽകി.
വെറ്ററിനറി സർജൻ ഡോ. ജവഹറിന്റെ നേതൃത്വത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പ് മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ എ.ബി.സി പ്രോഗ്രാമും, നടപ്പിലാക്കും.
തെരുവ് പട്ടികളെ പിടിച്ച് വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി നഗരസഭയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും.
24 ന് ഒണ്ടയങ്ങാടി, 26 ന് ചെറൂർ, കുറുക്കൻമൂല ചാലിഗദ്ധ, 27 ന് പയ്യമ്പള്ളി, കൊയിലേരി, വള്ളിയൂർക്കാവ്, 28 ന് മൈത്രി നഗർ, ഒഴകോടി, 29 ന് കണിയാരം, ചിറക്കര എന്നിവിടങ്ങളിലായി രാവിലെയും ഉച്ച കഴിഞ്ഞും ക്യാമ്പ് നടക്കും. വാക്സിനേഷൻ കേന്ദ്രത്തിൽതന്നെ വളർത്തുനായ്ക്കൾക്ക് ലൈസൻസും നൽകും.
കൗൺസിലർമാരായ പി.വി. ജോർജ്, വി.ആർ. പ്രവീജ്, ബാബു പുളിക്കൽ, ഷിബു ജോർജ്, അശോകൻ കൊയിലേരി, എച്ച്.ഐ. സജി, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.