കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് പറഞ്ഞു. റവന്യു ജില്ല സ്കൂള്‍ കായിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മൈക്രോ ലെവല്‍ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക നീക്കിവെക്കും.
ഓരോ പഞ്ചായത്തുകളെയും പ്രത്യേകം തിരഞ്ഞെടുത്ത് വിദ്യാർഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിന് ചുരുങ്ങിയത് ആറ് പരിശീലകരെ നിയമിക്കും. പരിശീലനം ലഭ്യമാകാത്ത പഞ്ചായത്തുകളില്‍ കായിക വകുപ്പ് നേരിട്ട് പരിശീലകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്പറ്റ നഗരസഭ ചെയര്മാന് കേയംതൊടി മുജീബ്, ഡി.ഇ.ഒ കെ.എസ്. ശരത്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.