പനമരം: മൈസൂരു-ബംഗളൂരു പാതയിൽ പനമരം സ്വദേശിക്കുനേരെ കവർച്ച സംഘത്തിന്റെ ആക്രമണം. പനമരം പൂവത്താൻകണ്ടി അഷ്റഫിനെയാണ് ഞായറാഴ്ച പുലർച്ചെ 2.30ഓടെ കവർച്ച സംഘം ആക്രമിച്ചത്. പനമരത്തെ മെഴുകുതിരി കമ്പനിയിലേക്ക് മെഴുകെടുക്കാൻ ബംഗളൂരുവിലേക്ക് പിക്ക് അപ്പ് ജീപ്പിൽ പോകുന്നതിനിടെ പുതുതായി നിർമാണം പൂർത്തിയായ എക്സ്പ്രസ് ഹൈവേയിൽ വെച്ചാണ് സംഭവം.
മെഴുകെടുക്കാനുള്ള രണ്ടു ലക്ഷം രൂപയും കൈയിലുണ്ടായിരുന്നു. യാത്രക്കിടെ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയപ്പോൾ രണ്ടുപേരെത്തി പിക്ക് അപ്പ് ജീപ്പിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. കഴുത്തിൽ കത്തിവെച്ചാണ് ഭീഷണിപ്പെടുത്തിയത്.
പ്രാണരക്ഷാർഥം അഷ്റഫ് ഇരുകൈകളും കൊണ്ട് കത്തിയിൽ അമർത്തിപ്പിടിച്ചു. ഇതിനിടെ അക്രമികളിലൊരാൾ അഷ്റഫിനെ കൈകൊണ്ടും ആക്രമിച്ചു. മൽപിടിത്തത്തിനിടയിൽ അഷ്റഫ് വാഹനത്തിന്റെ ഡോർ ശക്തിയായി തുറന്നപ്പോൾ രണ്ടുപേരും തെറിച്ചുവീഴുകയായിരുന്നു.
ഡോറിന്റെ ഗ്ലാസ് അടച്ച് വാഹനം പെട്ടെന്ന് എടുത്തുപോകാൻ ശ്രമിച്ചെങ്കിലും അക്രമികൾ ഗ്ലാസ് തല്ലിത്തകർത്ത് വീണ്ടും മർദിക്കാൻ ശ്രമിച്ചു. ഇതിനിടെ പിന്നിൽനിന്നും പാതയിലൂടെ പോവുകയായിരുന്ന കാർ നിർത്തി. ഇതോടെ അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും അഷ്റഫ് പറഞ്ഞു. തുണിയെടുത്ത് മുറിവുകൾ കെട്ടിയ ശേഷമാണ് യാത്ര തുടർന്നത്. മെഴുകെടുത്തശേഷം തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ അഷ്റഫ് പനമരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.